ഐസിസ് തീവ്രവാദികൾക്കിടയിലൂടെ ഒരു മലയാളി ട്രക്ക് ഡ്രൈവറുടെ യാത്ര
ചെങ്കടലിന്റെ തീരത്തുനിന്നും കരിങ്കടലിന്റെ തീരത്തേക്ക് ഭീതിയോടെ ഒരു യാത്ര. ജിദ്ദയിലെ ചുവന്ന കടല്‍ത്തീരത്ത് നിന്ന് ഇറാഖിനു കുറുകെ, ആകാശത്തു നിന്ന് ഷെല്ലുകള്‍ പൊഴിയുന്ന, തെരുവുകളില്‍ ചോരയൊഴുകുന്ന ബാഗ്ദാദും കിര്‍കുക്കും മൊസൂളും കടന്നു ടര്‍ക്കിയിലെ കരിങ്കടലിന്റെ തീരത്തുള്ള ജോറാല്‍ എന്ന കൊച്ചു പട്ടണം വരെ നീളുന്ന സഞ്ചാരം. നീട്ടിപ്പിടിച്ച തോക്കുകള്‍ക്കും സ്ഫോടനത്തില്‍ കെട്ടടങ്ങിയ ജീവിതങ്ങള്‍ക്കുമിടയില്‍ നടത്തിയ യാത്രയെക്കുറിച്ച് സൗദിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന Sahad Bnu Abdulla എന്ന ഒരു മലയാളി യുവാവിന്റെ കുറിപ്പ് ടെക് ട്രാവൽ ഇയറ്റ് പ്രസിദ്ധീകരിച്ചിരുന്നു.ഇനിയും വായിക്കാത്തവർക്കായി ഇതാ.
നേരം ഇരുട്ടിയിട്ടും വരണ്ട ചൂട് കാറ്റാണ് വീശിയടിക്കുന്നത്. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഒന്നിടവിട്ട് മഴയുണ്ട് .ഇവിടെ ഇന്നും മഴ പെയ്യുമെന്ന് തോന്നുന്നില്ല. നാല്‍പ്പതു ദിവസത്തേയ്ക്കുള്ള അരി, കോഴിമുട്ട, മസാലപ്പൊടികള്‍ എന്നീ ഭക്ഷണ സാധനങ്ങളുടെ സഞ്ചിയും കുടിവെള്ളവും നിസ്‌കരിക്കാന്‍ നേരം ശരീരശുദ്ധി വരുത്താനുള്ള വെള്ളവും നിറച്ച പ്ലാസ്റ്റിക് പാത്രങ്ങളും നാല് ജോടി വസ്ത്രങ്ങളും യാത്രയ്ക്കാവശ്യമായ മറ്റു സാധനങ്ങളും അടങ്ങിയ ബാഗും അടുക്കിയൊതുക്കി ട്രക്കിന്റെ വലിയ കാബിനില്‍ വച്ച ശേഷം ഞാന്‍ ഏരിയാ ഓഫീസിലേക്ക് നടന്നു.
അതികഠിനമായിട്ടുള്ള ചൂടാണ്. കൂടാതെ പൊടിക്കാറ്റും. മൂക്കിലും കണ്ണിലും അടിച്ചു കയറുന്ന അസഹനീയമായ പൊടിക്കാറ്റ്! നാട്ടിലെ പുഴയില്‍ മുങ്ങിനിവരുമ്പോള്‍ പുണരുന്ന കാറ്റിന്റെ തണുപ്പിനെയും വൈകുന്നേരം കൂട്ടുകാരുമൊത്ത് കൊച്ചുവര്‍ത്തമാനം പറഞ്ഞു കൊണ്ട് ലക്ഷ്യമില്ലാതെ നാട്ടു വഴികളിലൂടെ അലയുമ്പോള്‍ കാലിലുരുമ്മി ഇക്കിളി കൂട്ടുന്ന കൊഴുത്ത പുല്ലിനെയും വശങ്ങളില്‍ നിന്ന് തോണ്ടിവിളിക്കുന്ന കൈതയെയും കുറിച്ചുള്ള ഓര്‍മ്മകളെ മനസ്സില്‍ നിന്നും കുടഞ്ഞുകളഞ്ഞു.
വണ്ടിയുടെ ഭാരം, ചരക്കുകളുടെ വിവരങ്ങള്‍, വിലവിവരങ്ങള്‍, കണക്കുകള്‍ തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ രേഖകള്‍, ആവശ്യമായ പണം എന്നിവ ഓഫീസില്‍ നിന്ന് ശേഖരിച്ച ശേഷം വേണം യാത്ര തുടങ്ങാന്‍. വെളുപ്പിന് രണ്ടു മണിക്കെങ്കിലും പുറപ്പെട്ടാല്‍ റോഡില്‍ അധികം തിരക്കുണ്ടാവില്ല. ജിദ്ദയിലെ ചുവന്ന കടല്‍ത്തീരത്ത് നിന്ന് ഇറാഖിനു കുറുകെ, ആകാശത്തു നിന്ന് ഷെല്ലുകള്‍ പൊഴിയുന്ന, തെരുവുകളില്‍ ചോരയൊഴുകുന്ന ബാഗ്ദാദും കിര്‍കുക്കും മൊസൂളും കടന്നു ടര്‍ക്കിയിലെ കരിങ്കടലിന്റെ തീരത്തുള്ള ജോറാല്‍ എന്ന കൊച്ചു പട്ടണം വരെ നീളുന്ന യാത്ര.
ഒരിക്കല്‍ പ്രായമേറെച്ചെന്ന ഒരു ട്രക്ക് ഡ്രൈവറിന് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായപ്പോള്‍ ഒരു ആശുപത്രിയില്‍ കൊണ്ട് പോകേണ്ടി വന്നു. പരിഭ്രമവും പേടിയും മൂലം ആകെ നിലതെറ്റിയ അവസ്ഥയില്‍ നിന്ന എന്റെ ചെവിയില്‍ നല്ല കോട്ടയം ചുവയുള്ള മലയാളം! രോഗിയെ പരിചരിക്കാനെത്തിയ മലയാളി നഴ്‌സ് ഷീല! ഷീല മാത്രമല്ല, മലയാളികള്‍ വേറെയും പലപല ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട് എന്നറിഞ്ഞതോടെ ആശ്വാസമായി. എന്റെ വെപ്രാളം മലവെള്ളപ്പെരുക്കം പോലെ പെയ്യുന്ന മലയാളത്തിലും പൊട്ടിച്ചിരികളും അലിഞ്ഞു പോകുന്നത് കണ്ട് ഒന്നും മനസ്സിലായില്ലെങ്കിലും വയസ്സന്‍ ഡ്രൈവര്‍ക്ക് സമാധാനമായത് പോലെ തോന്നി. അയാളുടെ വിളറിയ മുഖത്തും പുഞ്ചിരി സ്ഥാനംപിടിക്കുകയും കരുണയാര്‍ന്ന വിരലുകളുടെയും മരുന്നുകളുടെയും സ്വാസ്ഥ്യത്തില്‍ മയക്കത്തിലേക്ക് വീഴുകയും ചെയ്തു. വിശ്രമത്തിനും മറ്റുമായി ഡ്രൈവര്‍മാര്‍ ഒത്തുകൂടുന്ന ചില സ്ഥലങ്ങളുണ്ട്. അവിടെ വച്ചു ചിലപ്പോള്‍ ചില ഇന്ത്യക്കാരെ കാണും. അവരോടൊപ്പം കോഴിക്കറിയും വച്ചു വെണ്ടയ്ക്കയോ ചുരങ്ങയോ കൊണ്ട് ഒരു തട്ടിക്കൂട്ട് സാമ്പാറും ഉണ്ടാക്കി ഒരുമിച്ചിരുന്ന കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.
കുറച്ചു കഴിയുമ്പോള്‍ കുറച്ചൊന്നൊതുങ്ങി വേഗത്തില്‍ പായുന്ന ടൈഗ്രീസ് നദി പ്രത്യക്ഷപ്പെടും. കുറുകെയുള്ള പാലം കടക്കണം . വിശ്വ പ്രസിദ്ധ നദിയാണെങ്കിലും ട്രെയ്ലര്‍ പോലുള്ള വാഹനം അതിന്റെ സമീപത്ത് നിര്‍ത്തുവാന്‍ പാടില്ല. അത് അനുവദിക്കുകയുമില്ല. പിന്നീട് എത്തിച്ചേരുന്നത് ബാഗ്ദാദിലേക്കാണ്. തകര്‍ന്ന നഗരം. എങ്കിലും, ടൈഗ്രീസ് നദി ബാഗ്ദാദ് പട്ടണത്തിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്നത് കാണാന്‍ തന്നെ നല്ലൊരു ചന്തമാണ്. ഇന്ത്യക്കാരുണ്ട് ബാഗ്ദാദില്‍ ഹോട്ടലുകളിലും കടകളിലും ഇന്ത്യക്കാരുണ്ട്. പാടെ തകര്‍ന്ന നഗരം ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങള്‍. ചാവേറാക്രമണങ്ങള്‍, കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍.അങ്ങനെയുള്ള പലതും ഈ നാടിന്റെ ഭംഗിക്ക് കളങ്കം വരുത്തിയിട്ടുണ്ട് .വലിയ വണ്ടി ആയതു കൊണ്ട് നിര്‍ത്താന്‍ പറ്റില്ല. ചെറിയ റോഡുകളിലൂടെ പോകാന്‍ പറ്റില്ല. റോഡിന്റെ രണ്ടു ഭാഗത്തുമുള്ള കാഴ്ചകള്‍ മാത്രമാണ് കാണാന്‍ പറ്റുക. ബാഗ്ദാദുകാര്‍ പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട്. പുതിയ കെട്ടിടങ്ങളുടെ പണി നടക്കുന്നു. ബഹുനില ഉയരത്തില്‍ വീണ്ടും കെട്ടുന്നു. പഴയതിനേക്കാള്‍ നല്ല നിലയില്‍ എത്തിച്ചേരും ഇനി അക്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍. അറുപതു കിലോമീറ്റര്‍ ഓളം നീണ്ടു കിടക്കുന്ന ടൗണ്‍. ഒന്നര മണിക്കൂറോളം എടുക്കും ക്രോസ് ചെയ്യാന്‍. പലയിടങ്ങളിലും.
യാത്രയ്ക്കിടയില്‍ ഡ്രൈവര്‍മാരോട് രണ്ടാം കിട പൌരന്മാരോടുള്ള സമീപനത്തോടെയാണ് പലരും പെരുമാറുന്നത്. കുടിവെള്ളം ചോദിച്ചാല്‍ ഹോട്ടലില്‍ നിന്ന് പൈസ കൊടുത്താലും നല്ല വെള്ളം പോലും കിട്ടില്ല. പത്രം കഴുകാനും കൈ കഴുകാനും വച്ചിരിക്കുന്ന വെള്ളം മാത്രമേ തരൂ. അറബ് ഡ്രൈവര്‍മാര്‍ക്ക് മുന്‍ തൂക്കം ചെക്ക്‌പോസ്റ്റുകളിലും കിട്ടും. അപകടങ്ങള്‍ നടന്നാല്‍ കയ്യില്‍ തെറ്റില്ലെങ്കില്‍ പോലും എതിര്‍ കക്ഷി അറബ് ആണെങ്കില്‍ നമ്മളെ കുറ്റക്കാരാക്കും. ദ്രാവിഡന്മാര്‍ക്ക് ഇന്ത്യയിലും അനുഭവം ഇത് തന്നെ.അതിനാല്‍ വലിയ കാനുകളില്‍ വെള്ളം കരുതാറാണ് പതിവ്.
ബാഗ്ദാദ് കഴിഞ്ഞാല്‍ കിര്‍കുക്ക്. കുളിക്കാം ഇവിടെ. പുഴയുണ്ട്. ടൈഗ്രിസിന്റെ കൈവഴി ആണെങ്കിലും നല്ല വലിപ്പമുള്ള പുഴ. നല്ല ആഴമുണ്ട്. ഇറങ്ങുമ്പോള്‍ തന്നെ കളിമണ്ണും മണലും എല്ലാം കൂടിയാണ്. മുട്ടുവരെ താണുപോകും. അപകടമുണ്ട് എന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. ആഴമുണ്ട്. കടലുണ്ടിപ്പുഴയില്‍ കുളിച്ചു വളര്‍ന്ന എനിക്കെന്ത് ടൈഗ്രീസ്. ആവോളം നീന്തിത്തുടിച്ചു…
കിര്‍ക്കുക്കില്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പുണ്ട്. ഇവിടെയാണ് വെള്ളവും ഭക്ഷണവും കൊടുക്കുന്നത്. സന്നദ്ധ സംഘടനയെ വിളിക്കും. അവരുടെയൊപ്പം പോയി ക്യാമ്പുകളില്‍ ഭക്ഷണവും വെള്ളവും കൊടുക്കും. 800 ലിറ്റര്‍ ചെറിയ വെള്ളക്കുപ്പികള്‍.. കേക്കുകള്‍, സ്‌നാക്കുകള്‍ മുതലായ കേടു വരാത്ത സാധനങ്ങള്‍. വീട് നഷ്ടപ്പെട്ട അഭയാര്‍ത്ഥികളില്‍ ഇറാഖികളും സിറിയക്കാരുമുണ്ടതില്‍. അതൊരു മദ്രസയാണ്. നാല്‍പ്പതും അന്‍പതും കുടുംബങ്ങളുണ്ട്. രാവിലെ ആറ് മണി മുതല്‍ രാവിലെ പതിനൊന്നു മണി വരെ മദ്രസ. അതുകഴിഞ്ഞാല്‍ വീട്. മതവും സ്‌കൂള്‍ വിഷയങ്ങളും പഠിപ്പിക്കും. ഇവിടെ മദ്രസയും സ്‌കൂളും ഒന്ന് തന്നെയാണ്. പല പ്രായത്തിലുള്ള കുട്ടികള്‍ ഒരു ക്ലാസ്സില്‍ തന്നെയാണ്. പതിനൊന്നു വയസുള്ള കുട്ടികള്‍ ആറ് വയസ്സുള്ള കുട്ടികളുടെ കൂടെ പഠിക്കുന്നുണ്ട്.
അനാഥരായ ചെറിയ കുട്ടികള്‍ മദ്രസകളില്‍ ധാരാളം ഉണ്ട്. രക്ഷിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ ആണ് ഭൂരിഭാഗവും. 2005 ല്‍ സദ്ദാമിന്റെ സമയത്ത് ജനിച്ച കുട്ടികളാണ് കൂടുതലും. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഏകദേശം ഒരേ പ്രായമാണ്. ആവശ്യത്തിനു ഭക്ഷണവും വസ്ത്രവും ലഭിക്കുന്നതുകൊണ്ട് ആരോഗ്യമുള്ള സന്തോഷവന്മാരായ കുട്ടികള്‍ ആണ്. യു.എന്‍ മുതലായ സംഘടനകള്‍ എല്ലാ ദിവസവും ഭക്ഷണവും വെള്ളവും അവശ്യ വസ്തുക്കളും എത്തിക്കുന്നു. ഒരുപാടു അഫ്ഗാന്‍ സംഘടനകള്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അറബ് സമൂഹം എന്ന പരിഗനനയാവാം ഇതിനു കാരണം. അംഗവൈകല്യമുള്ള കുട്ടികള്‍ ഒരുപാടുപേരുണ്ട്. തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്നും ആരൊക്കെയോ രക്ഷപ്പെടുത്തിയവര്‍. കാലുകള്‍ ഉണ്ടെങ്കിലും ഉപയോഗിക്കാനാവാത്തവര്‍. ബോംബ് സ്‌ഫോടനത്തില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ടവര്‍. ആദ്യം വളരെ വേദന തോന്നിയിരുന്നു. സ്ഥിരം കാഴ്ചകള്‍ ആയി മാറിയപ്പോള്‍ പിന്നെശീലമായി.
എന്റെ ട്രക്ക് അങ്ങോട്ട് പോകില്ല. ചെറിയ വാഹനങ്ങള്‍ മാത്രമേ പോവുകയുള്ളൂ. ആള്‍താമസം കുറവാണ്. പച്ചപ്പുണ്ട്. നേരത്തെ ആള്‍താമസം ഉണ്ടായിരുന്ന സ്ഥലങ്ങളാണ്. അക്രമം നടന്നപ്പോള്‍ ഒഴിഞ്ഞു പോയതാണ്. ഹോസ്പിറ്റലില്‍ പോകണമെങ്കില്‍ ഇരുപത്തഞ്ചു കിലോമീറ്ററോളം പോകണം. മദ്രസകള്‍, ചെറിയ കടകള്‍, ആടുകള്‍ ഒട്ടകങ്ങള്‍ ഇവയെ വളര്‍ത്തുന്ന തോട്ടം ഉള്‍പ്പെട്ട കൃഷിസ്ഥലങ്ങള്‍. മസ്‌റ എന്നു പറയും. മെയിന്‍ റോഡില്‍ നിന്നും പതിനേഴു കിലോമീറ്ററോളം ഉള്ളിലുള്ള ക്യാമ്പിലേക്ക് സന്നദ്ധസംഘടനയുടെ വണ്ടിയിലാണ് പോകുന്നത്. ഒരിക്കല്‍ ഈ ക്യാമ്പിലേക്ക് പോകുമ്പോള്‍ ഷെല്ലാക്രമണം കാണാനിടയായി. വല്ലാത്ത ഒച്ചയോടെ തലയ്ക്കു മുകളിലൂടെ ബാഗ്ദാദിനെ ലക്ഷ്യം വച്ചു ഷെല്ലുകള്‍ തുടരെത്തുടരെ പോയി. മിസൈലിന്റെ ആകൃതിയില്‍ സൂര്യ രശ്മികള്‍ തട്ടി തിളങ്ങുന്നത് കാണാം . മദ്രസയില്‍ വിളിച്ചു പ്രശ്‌നം ഉണ്ടോ എന്നന്വേഷിച്ച ശേഷമാണ് പോയത്. ഐസിസ് അയച്ചതായിരുന്നു ആ ഷെല്ലുകള്‍.
പിന്നീട് എത്തുന്ന സ്ഥലമാണ് ഇര്‍ബീല്‍. ഇവിടെ നിര്‍ത്താറില്ല. നല്ല ടൗണ്‍ ആണ്. തുര്‍ക്കി- ജോര്‍ദ്ദാന്റെ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലമാണ്. ബാഗ്ദാദ് പോലെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങള്‍ ഉണ്ട്. 85 ശതമാനം പൊളിഞ്ഞ സ്ഥലമാണ്. ചെറിയകെട്ടിടങ്ങളായി പൊങ്ങി വരുന്നതേയുള്ളൂ. ഇര്‍ബീലില്‍ നിന്ന് മൊസൂളിലേക്ക് ഒരു മണിക്കൂര്‍ മാത്രമേയുള്ളൂ.. ഇര്‍ബീലിന്റെയും മോസൂളിന്റെയും ഇടയ്ക്കാണ് ഒരിക്:ല്‍ ഐസിസ് ഭീകരരെ കാണാനിടയായത്. റോഡിന്റെ വലതുഭാഗത്തു നിന്ന് വന്ന് അവര്‍ ഇടതുഭാഗത്തേക്ക് കയറിപ്പോയി. പാരലല്‍ റോഡില്‍ (പഴയ ഹൈവേ) കൂടി പതിനഞ്ചു വണ്ടികളോളം പോകുന്നത് കണ്ടു. മൂന്ന് തവണ കണ്ടിട്ടുണ്ട്. തോക്കുകള്‍ കൈയിലേന്തി ജീപ്പില്‍ ആര്‍പ്പു വിളികളോടെ പോവുന്ന അക്രമാസക്തരായ ആളുകള്‍. മുപ്പതു മുതല്‍ അമ്പതു വയസ്സ് വരെ പ്രായമുള്ളവര്‍.
മൊസൂള്‍ ടൗണ്‍ എത്തുന്നതിന് മുമ്പ് വണ്ടി ഒന്ന് നിര്‍ത്തി. വിശ്രമം. കുളിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യമുണ്ട്. സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട സംഭവിച്ച സ്ഥലം മൊസൂള്‍ ആണ്. ആകെ തകര്‍ന്നടിഞ്ഞു കിടക്കുന്നു. ബുള്‍ഡോസര്‍ കൊണ്ട് വന്നു ഇടിച്ചു നിരത്തിയിട്ടിരിക്കുകയാണ്. അവിടെ പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മൊസൂള്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമായിരുന്നു. പാര്‍ക്കുകളും മറ്റുമായി സുന്ദരമായ സ്ഥലം. ഒരിക്കല്‍ ഇറാഖിലെ ഏറ്റവും സമ്പന്നമായ സ്ഥലമായിരുന്നു ഇത്. മന്ത്രിമാരും രാജാക്കന്‍മാരും കൊട്ടാരങ്ങളും നിറഞ്ഞ സ്ഥലം. അതെല്ലാം പൊലിഞ്ഞുപോയി.
മലയാളികളുള്ള സ്ഥലമാണ് മൊസൂള്‍. ഓഫീസ് സ്‌റ്റേഷനറികള്‍ വില്‍ക്കുന്ന ഒരു കടയില്‍ നോട്ട് ബുക്ക് വാങ്ങാന്‍ കയറി. കാശ് കൗണ്ടറില്‍ ഇരുന്ന ആളും പണിക്കാരനും മലയാളി തന്നെ. അതിശയിച്ചു പോയി. അപൂര്‍വ്വമായി മാത്രമേ ഇവിടെ മലയാളികള്‍ മുന്നില്‍ വരാറുള്ളൂ. പണ്ട് സൗദിയില്‍ ആയിരുന്നു അയാള്‍. പിന്നെ മൊസൂളില്‍ എത്തിപ്പെട്ടു. മലപ്പുറം കോട്ടയ്ക്കലാണ് വീട് .എന്റെ അയല്‍നാട്ടുകാരന്‍. മൊസൂളില്‍ വന്ന ശേഷം വിവാഹം കഴിച്ചതാണ് കൂടെയുള്ള സ്ത്രീയെ. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം യാത്ര തുടര്‍ന്നു.
മൊസൂള്‍ പട്ടണം കഴിഞ്ഞാല്‍ ടൈഗ്രീസ് നദിയുടെ ഏറ്റവും വിശാലമായ ഭാഗം വലിയ തടാകം പോലെ കാണാം. അവിടെനിന്നും സാഖൂ എന്ന സ്ഥലത്തേക്ക്. മൂന്നു രാജ്യങ്ങളുടെ അതിര്‍ത്തിയാണ്. സിറിയ, തുര്‍ക്കി, ഇറാഖ്. ജോര്‍ദാനിലേക്ക് ഒന്നര മണിക്കൂര്‍ കാറില്‍ യാത്രാദൂരം. ഇറാഖില്‍ നിന്ന് സിരിയയിലേക്കുള്ള ഹൈവേ റോഡ് സ്‌ഫോടനത്തില്‍ തകര്‍ന്നിരിക്കുന്നു. അതടച്ചിരിക്കുകയാണ് .ഇവിടെയും വ്യാപകമായ അക്രമണം നടന്നിട്ടുണ്ട്. ടൈഗ്രീസ് നദി റോഡിനു സമാന്തരമായി ഒഴുകുന്നു. സുമീല്‍ മുതല്‍ തുര്‍ക്കിവരെ ഏറെ ദൂരം കാണാം നദി. സാഹു കഴിഞ്ഞാല്‍ ഇബ്രാഹിം ഖലീല്‍ ചെക്ക്‌പോസ്റ്റ് ഇവിടെ മൂന്നു ദിവസത്തില്‍ കൂടുതല്‍ തങ്ങണം, വിസ അടിച്ചു കിട്ടാന്‍.
ചെക്ക്‌പോസ്റ്റില്‍ ചരക്കു വാഹനങ്ങള്‍ മാത്രമേ പിടിച്ചു വയ്ക്കൂ. ഭാരം ചെക്ക് ചെയ്യണം. ബില്ല് ഒക്കെ ഒത്തു നോക്കണം. ഇംഗ്ലീഷിലാണ് ബില്ലുകള്‍. അറബികള്‍ക്കു ഇത് വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ് തട്ടിമുട്ടി ആണ് വെരിഫിക്കേഷന്‍. പേരിനൊരു ചെക്കിംഗ്, മെറ്റല്‍ ഡിറ്റക്ടര്‍ വച്ച് പരിശോധിക്കും. മലയാളികളെ ബാഗ്ദാദ് വരെയേ കണ്ടിട്ടുള്ളൂ. ലുങ്കി ഉടുത്തു വന്നാല്‍ പൊതുവേ എല്ലാ രാജ്യങ്ങളിലുമുള്ള ട്രാഫിക് പോലീസുകാര്‍ക്ക് ഒരേ ഭാവമാണ്. ദേഷ്യം! ഇന്ത്യക്കാര്‍ ഹറാമികള്‍ ആണെന്ന് പറഞ്ഞാണ് തെറിവിളി. പാക്കിസ്ഥാനികളും യെമനികളും സമാനമായ തുണികള്‍ ഉടുത്തു നടക്കാറുണ്ട്. അതിനൊന്നും പ്രശ്‌നമില്ല..
ചെക്ക് പോസ്റ്റ് കഴിഞ്ഞാല്‍ ബോര്‍ഡര്‍ ആണ്. പിന്നെ തുര്‍ക്കി. ആയി. ടൈഗ്രിസിന്റെ കരയിലൂടെ മുന്നോട്ട് പോവുകയാണ്. ഇടതു വശത്ത് കൂടി പുഴ ഒഴുകുന്നു. ഇടയ്ക്ക് ചെറിയ തോണികളില്‍ മീന്‍ പിടിക്കുന്നവരെ കാണാം. പിന്നീട് തദ്-വാന്‍ എന്ന സ്ഥലം വരെ ഒറ്റ ഇരിപ്പില്‍ വണ്ടിയോടിക്കും. നല്ല ക്ലീന്‍ റോഡ്. പാര്‍ക്കുകള്‍ ഒക്കെ കണ്ടു തുടങ്ങും. തുര്‍ക്കിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. തദ്-വാനില്‍ വണ്ടിയൊതുക്കി അവിടുത്തെ ഒരു കമ്പനിയുടെ വണ്ടിയിലേക്ക് സാധനങ്ങള്‍ മാറ്റിക്കേറ്റി കരിങ്കടലിന്റെ തീരത്തുള്ള ജോറാല്‍ എന്ന പട്ടണത്തിലേക്ക് പോകും. കരിങ്കടല്‍ കാണാം. ടൂറിസ്റ്റുകള്‍. ബോട്ടുകള്‍. ഭംഗിയുള്ള കെട്ടിടങ്ങള്‍. കൊട്ടാരങ്ങള്‍. നല്ല ഉയരമുള്ള മനുഷ്യര്‍. വിദേശികള്‍ ഒരുപാടു വരുന്ന നാടാണ്. വലിയ ഒരു ഹോട്ടല്‍ ഉണ്ടിവിടെ. ഹിന്ദിയിലും ഉറുദുവിലും ഒക്കെ പേരെഴുതിയ ഹോട്ടല്‍.
തുര്‍ക്കിയില്‍ എത്തിയാല്‍ ശ്വാസം വീണത് പോലെയാണ്. നല്ല അന്തരീക്ഷം. പച്ചപ്പ്. കേടുപാടു വരാത്ത കെട്ടിടങ്ങള്‍. രണ്ടു ദിവസം അവിടെ നില്‍ക്കും. ആറ് ദിവസത്തേക്കാണ് വിസ. നല്ല ഭക്ഷണം ആണ്. കുളിയും കാര്യങ്ങളും ഒക്കെ നടക്കും. സമാധാനം.തുര്‍ക്കി ബോര്‍ഡര്‍ കഴിഞ്ഞാല്‍ 1000 കിലോമീറ്റര്‍ ഓടിക്കണം ഈ സ്ഥലത്തെത്താന്‍. ഒന്നര ദിവസം എടുക്കും. അതിനടുത്താണ് കരിങ്കടല്‍. ഇവിടെയും കാഴ്ചകള്‍ കണ്ടിരിക്കാന്‍ പറ്റില്ല. വിസ തീരും മുമ്പേ ഇറാഖ് അതിര്‍ത്തി കടക്കണം. പിന്നെ ഒരു നെട്ടോട്ടമാണ്. മരവിച്ച മനസ്സുമായി സ്വന്തം റൂമിലേക്ക്. രണ്ട് രാജ്യങ്ങളിലൂടെ കടന്നു റൂമിലെത്താന്‍ വീണ്ടും 8-9 ദിവസമെടുക്കും. തിരിച്ചു യാത്രചെയ്യുമ്പോഴും ഇതേ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ഇനിയും ഇതുപോലൊരു യാത്ര ഉണ്ടാവരുതേ എന്ന് മാത്രമായിരിക്കും ഓരോ നേരത്തും മനസ്സിന്റെ പ്രാര്‍ത്ഥന.