ആരോഗ്യവകുപ്പിന്റെ പേരിൽ വരെ ഇല്ലാക്കഥ എഴുതി വിടുന്ന മാധ്യമപ്രവർത്തനം

വാക്സിനേഷൻ ക്യാമ്പയിൻ പരാജയം എന്ന മാധ്യമ വാർത്ത സത്യമോ?ഡോക്ടർ ഷിംന അസീസ് ഫേസ്ബുക്കിൽ കുറിച്ച സത്യാവസ്ഥ ഇതാ.

Advertisement

ആരാലും ശ്രദ്ധിക്കപ്പെടാത്ത ഈ വാർത്ത എന്തിന്‌ കുത്തിപൊക്കുന്നു എന്ന്‌ ചോദിക്കരുത്‌. ഈ വാർത്ത ശ്രദ്ധിക്കുന്ന വലിയൊരു സമൂഹം മലബാറിലുണ്ട്‌. അവർ ഉറപ്പായും ഇത്‌ കണ്ടു കാണും. മാധ്യമവും സുപ്രഭാതവുമെല്ലാം ചേർന്നുണ്ടാക്കുന്ന ഡാമേജ്‌ രണ്ടു ദിവസമായി മലപ്പുറത്തെ കുത്തിവെപ്പ്‌ കേന്ദ്രങ്ങളിൽ നേരിട്ടനുഭവിക്കുന്നുണ്ട്‌. ഇന്നലെ ഞങ്ങൾ ചെന്ന ഒരു സെന്ററിലെ കുത്തിവെപ്പെടുത്തത്‌ വെറും 10.5% പേരാണ്‌. വാക്‌സിൻവിരുദ്ധതയുടെ നിറകുടമായ ചില മാധ്യമങ്ങളോട്‌ ഈ കാര്യത്തിൽ പെരുത്ത്‌ നന്ദിയുണ്ട്‌.

ഖുർആനും സുന്നത്തും ഇസ്‌ലാമിയത്തും കൊട്ടി ഘോഷിക്കുന്ന ഒരു ദിനപത്രം ഇങ്ങനെയൊരു പച്ചക്കള്ളം വിപുലമായൊരു റിപ്പോർട്ടിന്റെ അങ്ങേയറ്റത്ത്‌ ഒളിച്ച്‌ കടത്തരുതായിരുന്നു. സബ്‌ടൈറ്റിലിലും ഉണ്ട്‌ ഈ ഭീതി പരത്തൽ. നിങ്ങളുടെ വാക്‌സിൻവിരുദ്ധ താൽപര്യം മുൻപേ വ്യക്‌തമാണ്‌. ചെയ്യുന്നത്‌ സമുദായദ്രോഹമാണെന്ന്‌ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക്‌ തന്നെ മനസ്സിലായിക്കോളും. അതിലേക്ക്‌ ഇനിയും കടക്കുന്നില്ല.

പ്രിയപ്പെട്ട സുപ്രഭാതം പത്രത്തിന്റെ സ്വന്തം ലേഖകാ, ആരോഗ്യവകുപ്പിലെ ആരാണ്‌ നിങ്ങളോട്‌ 95% കുട്ടികളെങ്കിലും കുത്തിവെപ്പ്‌ എടുത്തില്ലെങ്കിൽ എടുത്ത കുട്ടികൾക്ക്‌ ദോഷമാണെന്ന്‌ പറഞ്ഞത്‌? സ്വന്തം സങ്കൽപങ്ങൾക്കനുസരിച്ച്‌ വാർത്ത മെനഞ്ഞ്‌ സമൂഹത്തിൽ ഭീതി പരത്തുകയാണോ വേണ്ടത്‌? വാക്‌സിനെടുത്ത കുട്ടികൾ പൂർണ സുരക്ഷിതരാണ്‌. എടുക്കാത്ത കുട്ടികൾക്ക്‌ മാത്രമാണ്‌ നിലവിൽ മീസിൽസ്‌ റുബല്ല രോഗഭീഷണിയുള്ളത്‌.

ചിക്കൻപോക്‌സ്‌ വാക്‌സിൻ സമൂഹത്തിൽ 95% പേരും എടുത്തിട്ടാണോ എടുത്തവർക്ക്‌ രോഗം വരാതിരിക്കുന്നത്‌? എന്ന്‌ മാത്രവുമല്ല, ചിക്കൻപോക്‌സ്‌ വന്നൊരാളുടെ അടുത്ത്‌ ചെന്ന്‌ 72 മണിക്കൂറിനുള്ളിൽ വാക്‌സിനെടുത്താൽ പോലും ചിക്കൻപോക്‌സ്‌ വരുന്നതിനെ തടയുന്നില്ലേ? ഇത്‌ തന്നെയല്ലേ സംരക്ഷണം തരുന്ന മറ്റേതൊരു വാക്‌സിനും പ്രവർത്തിക്കുന്ന രീതി? വാക്‌സിൻ എടുക്കാത്തവർ കാരണമെങ്ങനെയാണ്‌ എടുത്തവർക്ക്‌ രോഗം വരിക? അബദ്ധം പറയുന്നതിനും അതിരില്ലേ? അത്‌ ഉത്തരവാദിത്വപ്പെട്ടവരുടെ പേരിൽ അടിച്ചിറക്കുന്നതിന്‌ കടുത്ത നടപടിയാണ്‌ എടുക്കേണ്ടത്.

ആ വാർത്ത വായിച്ച്‌ ആശങ്കാകുലരായ രക്ഷിതാക്കളോട്‌ ഒരു വാക്ക്‌- അടുത്ത വീട്ടിലെ കുട്ടി കുത്തിവെപ്പ്‌ എടുത്തില്ലെങ്കിൽ നഷ്‌ടം അവരുടേത്‌ മാത്രമാണ്‌. നിങ്ങളുടെ കുഞ്ഞ്‌ സുരക്ഷിതൻ/സുരക്ഷിത ആണ്‌. പോരാത്തതിന്‌ നിങ്ങളുടെ കുഞ്ഞിന്റെ ഔദാര്യത്തിൽ ചിലപ്പോൾ ആ കുട്ടിയിലേക്ക്‌ രോഗം പകരാതിരുന്നേക്കാം. ഇത്തരത്തിൽ 95% കുട്ടികളെങ്കിലും കുത്തിവെപ്പെടുത്താൽ 100% പേരിലേക്കും രോഗം പകരാതിരിക്കും (Herd Immunity- സമൂഹപ്രതിരോധം).

ഈ വസ്‌തുതയാണ്‌ തോന്നിയ പടി സുപ്രഭാതത്തിന്റെ ലേഖകൻ എഴുതിയതും ഒന്ന്‌ പുനർവിചിന്തനം നടത്തുക പോലും ചെയ്യാതെ (അതോ മനപൂർവ്വമോ?) എഡിറ്റർ എടുത്ത്‌ പ്രസിദ്ധീകരിക്കാൻ കൊടുത്തതും.

നന്ദിയുണ്ട്‌ സഹോദരൻമാരേ…ആരോഗ്യവകുപ്പിന്റെ പേരിൽ വരെ ഇല്ലാക്കഥ എഴുതി വിടുന്ന നല്ല ഉത്തരവാദിത്വബോധമുള്ള മാധ്യമപ്രവർത്തനം !!